
പതിമൂന്നാം ദശകത്തിലെ ഗംഗാരാജവംശത്തിലെ രാജാ നരസിംഹനായിരുന്നു കൊണാര്‍ക്കിലെ സൂര്യമന്ദിരം തീര്‍ത്തത്. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു വേള്‍ഡ് ഹെറിറ്റേജ് സൈറ്റ് ആണ് ഇത്. ഇവിടെ ചന്ദ്രഭാഗാകടല്‍ത്തീരത്തു വര്‍ഷാവര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുദിവസം നടത്തുന്ന ഡാന്‍സ് &ആര്‍ട് ഫെസ്റ്റിവലിലൂടെ ഈ മന്ദിരവും ഇവിടത്തെ നാട്യമന്ദിരവും ലോകപ്രശസ്തി ആര്‍ജ്ജിച്ചിരിക്കുന്നു.
കയറി ചെല്ലുന്നത് നാട്യമണ്ഡപത്തിലേക്കാണ്.

ഡാന്‍സ് ഫെസ്റ്റിവലിലും മറ്റുപല നൃത്തരംഗങ്ങളിലും ദീപങ്ങളാലും മറ്റും അലംങ്കൃതമായി സ്വപ്നലോകം പോലെ തോന്നിച്ചിരുന്ന ഈ മണ്ഡപം പകല്‍ വെളിച്ചത്തില്‍ കുറച്ചു നിരാശപ്പെടുത്തി എന്നുതന്നെ പറയാം.ഇവിടെയായിരുന്നു പണ്ട് നര്‍ത്തകര്‍ സൂര്യഭഗവാനെ പ്രീതിപ്പെടുത്താന്‍ നൃത്തങ്ങള്‍ അവതരിപ്പിച്ചിരുന്നത്.

ഈ മന്ദിരത്തിന്റെ പ്രധാനഭാഗം സൂര്യഭഗവാന്റെ ഏഴുകുതിരകളെ പൂട്ടിയ ഇരുപത്തിനാലു ചക്രങ്ങളുള്ള തേരിന്റെ രൂപത്തിലാണ് പണി കഴിച്ചിട്ടുള്ളത്. ഇതു നാട്യമണ്ഡപത്തിന്റെ പിറകിലായിവരുന്നു. ജീവിതത്തിന്റെ സമസ്യകളും കൊത്തിവെച്ചിട്ടുള്ള കല്‍ചക്രങ്ങളില്‍ പലതിനും നാശം വന്നിരിക്കുന്നു.പഴയ നോട്ടുകളില്‍ കാണുന്ന ചക്രം ഇതിലൊന്നാണ്. ചുമരുകളില്‍ നിറയെ ചെറുതും വലുതുമായ ശില്പങ്ങളാണ്. മൂന്ന് നിരകളായ്ട്ടാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. താഴെ കുട്ടികള്‍ക്ക് കാണാന്‍ പാകത്തില്‍ പക്ഷിമൃഗാദികളുടെ ശില്പങ്ങള്. അതിനുമുകളില്‍ അന്നത്തെ മനുഷ്യന്റെ ദൈനംദിന ചര്യകള്‍, യുദ്ധങ്ങള്‍, പുരാണങ്ങള്‍ എന്നിവ കൊത്തിവെച്ചിരിക്കുന്നു.
ഏറ്റവും മുകളില്‍ കാമസൂത്ര ആസ്പദമാക്കിയുള്ള ശില്പങ്ങള്. ഭാരതീയ സംസ്കാരത്തെ പറ്റി പറയുന്നവര്‍ ഇവിടെ വന്നുകണ്ടാല്‍ പുരാതന സംസ്കാരത്തിന്റെ ഏകദേശരൂപം പിടികിട്ടും.
ബഹുപുരുഷ ബഹുസ്ത്രീ ബന്ധങ്ങള്‍ , ലെസ്ബിയന്‍, ഗെ, മൃഗങ്ങളുടെക്കൂടെ തുടങ്ങി ഇന്ന് പ്രാകൃതമെന്നു പറയുന്ന എല്ലാംതന്നെ ഇവിടെ ശില്പമാക്കി പരീക്ഷിച്ചിരിക്കുന്നു.പലതിനും പല ആക്രമണങ്ങളിലുംപെട്ട് നാശം സംഭവിച്ചിട്ടുണ്ട്.

അന്നത്തെക്കാലത്ത് ബുദ്ധമതത്തിന്റെ അതിപ്രസരം കാരണം പലരും സന്യാസം സ്വീകരിച്ചതുവഴി പ്രാജാബലം കുറഞ്ഞപ്പോള്‍ ആ അവസ്ഥയ്ക്കുള്ള പരിഹാരമായാണത്രെ രാജാവ് ഇത്തരം ശില്പങ്ങള് നിര്‍മ്മിക്കാന്‍ ഉത്തരവിട്ടത്.
പന്ത്രണ്ടുവര്‍ഷം അടിമകളെപോലെ പണിയെടുത്ത ശില്പികളുടെ ജീവിത സക്ഷാത്കാരവും ആയിരുന്നിരിക്കാം ഈ ശില്പങ്ങള്. പേഗനിസത്തിന്റെ സ്വാധീനവും ഒരു കാരണമായികാണാം.
ഇതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് സൂര്യമന്ദിരം (ഗര്‍ഭഗൃഹം). ഒറീസ്സയില്‍ സുലഭമായ ഇരുമ്പു കൊണ്ടുള്ള കമ്പികളാല്‍ വളരെവലിയ കല്ലുകളെ തമ്മില്‍ കലിംഗ വാസ്തുശാസ്ത്ര പ്രകാരം ചേര്‍ത്തടുക്കിയാണ് ഈ മന്ദിരങ്ങളെല്ലാം
പണിതിരിക്കുന്നത്. ഇവയെ ഒന്നായി ചേര്‍ത്തുനിര്‍ത്താനായി ഒരു വലിയ മാഗ്നറ്റ്ഗര്‍ഭഗൃഹത്തിനുമുകളില്‍ സ്ഥാപിച്ചിരുന്നുവത്രെ.
ഇപ്പോഴുള്ള സൂര്യമൂര്‍ത്തികള്‍
.
വ്യാപാരികളായിരുന്ന പോര്‍ച്ചുഗീസുകാര്‍ക്ക് കടലില്‍ വെച്ച് കോമ്പസ് ദിശകാട്ടന്‍ വിസമ്മതിച്ചപ്പോള്‍ അതിനുകാരണമായ ഈ മാഗ്നറ്റ് അവര്‍ എടുത്തുമാറ്റിയെന്നും അതോടെ ഗോപുരം ഇടിഞ്ഞുവീഴാന്‍ തുടങ്ങിയെന്നും പറയപ്പെടുന്നു.
അതല്ല മുഗള്‍ ആക്രമണത്തിന്റെ ഫലമായാണെന്നും പറയുന്നുണ്ട്. എന്തായാലും ഗര്‍ഭഗൃഹം ഇപ്പോള്‍ ഇടിഞ്ഞു പൊളിഞ്ഞനിലയിലാണ്. അതിലുണ്ടായിരുന്ന മൂര്‍ത്തി ഇപ്പോള്‍ പുരി ജഗന്നാഥ മന്ദിരത്തിലാണ് ഉള്ളത്. ഉദയസൂര്യന്റെ കിരണങ്ങള്‍ ഏതുകാലത്തും നാട്യമണ്ഡപവും തേരും കഴിഞ്ഞ് ഗര്ഭഗൃഹത്തില് സൂര്യഭഗവാന്റെ മൂര്‍ത്തിയില്‍ പതിക്കുന്ന വിധത്തിലാണത്രെ ഇതിന്റെ നിര്‍മ്മാണം. മന്ദിരം പൊളിഞ്ഞതുകാരണം

ഇതു വെറും കേട്ടുകേള്‍വിയായി .
നാലാമതായി വരുന്നതാണ് സൂര്യഭഗവാന്റെ ഭാര്യയായ ഛായയുടെ(നിഴല്‍) മന്ദിരം. ഇതിനെ ഭോജമണ്ഡപമെന്നും
പറയുന്നു.ഇതും നാട്യമണ്ഡപവും ഇപ്പോഴും നാശങ്ങള് ഒന്നും സംഭവിക്കാതെ നിലനില്ക്കുന്നു.
ഇതിനെ സൂര്യമന്ദിരമെന്നു പറയുമെങ്കിലും ഇതുവരെ ഒരിക്കല്‍ പോലും പൂജാദികര്‍മ്മങ്ങള്‍ ഇവിടെ നടത്തിയിട്ടില്ല. അതിനും കാരണം പറയുന്നുണ്ട്. പന്ത്രണ്ട് കൊല്ലംകൊണ്ട് 1200 പേര്‍പണിഞ്ഞിരുന്ന ഈ മന്ദിരത്തിന്റെ പണിതീര്‍ന്നില്ലെങ്കില്‍ മരണമായിരുന്നു വിധി. ഗര്‍ഭഗൃഹത്തിന്റെ ആണികല്ലായ ലോഡ് സ്റ്റോണ്‍ (മാഗ്നറ്റ്) ഒരുവിധത്തിലും സ്ഥാപിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല.

അതിലൊരു ശില്പിയുടെ പത്തുവയസ്സായ മകന് അതിന്നൊരു പ്രതിവിധികണ്ടുപിടിക്കയും ലോഡ് സ്റ്റോണ്‍ സ്ഥാപിക്കുകയും ചെയ്തു. ഈ വിവരം രാജാവറിഞ്ഞാല്‍ അതു ചെയ്യാന്‍കഴിയാതിരുന്ന 1200 ശില്പികളെയും രാജാവ് വധിക്കുമെന്ന ഭയം പരന്നപ്പോള്‍ അവരെ രക്ഷിക്കാന്‍ ആ ബാലന് സ്വയം മന്ദിരത്തിന്നു മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്തത്രെ. പണി തീരും മുന്‍പ് ഇത്തരം ഒരു അശുഭസംഭവം നടന്നതിനാലാണത്രെ അവിടെ പൂജകളൊന്നും തന്നെ നടത്താതിരുന്നത്.
ശില്പങ്ങളില് മഹത്തരമായി തോന്നിയത് മുകളില്‍ ഒരു സിംഹവും അതിനുതാഴെ ആനയും ഇവക്കു രണ്ടിനും താഴെ മണ്ണില്‍ ഒരു മനുഷ്യനും ആയിട്ടുള്ള ശില്പമാണ്.സിംഹം ശക്തിയേയും ആന പണത്തേയും അതുരണ്ടും തലയില്‍ കയറിയ മനുഷ്യന്റെ പതനത്തേയുമാണത്രെ ഈ ശില്പം സൂചിപ്പിക്കുന്നത്. ഈ ശില്പം പല വേറേയും സ്ഥലങ്ങളിലും കണ്ടു.
ഒരു വിദൂഷക ശില്പത്തിന്റെ ഭാവം ഇന്നും അതെപോലെ നില നില്‍ക്കുന്നത് അത്ഭുത പ്പെടുത്തി.
പുരിയില്‍നിന്നും കോണാര്‍ക്കിലേക്കുള്ള

യാത്രയില്‍ ഞങ്ങള്‍ കേരളത്തിലാണെന്ന
തോന്നലായിരുന്നു. തെങ്ങും പാടങ്ങളും കായലും കടലും തെക്കന്‍ കേരളം ഓര്‍മ്മിപ്പിച്ചു.

അവിടെ കണ്ടുകൊതിച്ച ആമ്പല്‍ ഇവിടെ കയ്യെത്തും ദൂരത്ത് കിട്ടിയപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം.