ചൊവ്വാഴ്ച, ജൂൺ 28, 2011

നമുക്ക് അഭിമാനിക്കാം............



ബ്ലോഗ് എന്ന മാദ്ധ്യമം സാധാരണക്കാരായ വായനക്കാരിലേക്ക് വേണ്ടപോലെ എത്തുന്നില്ല എന്ന തിരിച്ചറിവിന്റെ ബാക്കിപത്രമായാണ് അവരിലേക്കും തങ്ങളുടെ രചന എങ്ങിനെയെത്തിക്കാമെന്ന് ഒരുകൂട്ടം ചെറുപ്പക്കാര്‍ ചിന്തിച്ചുതുടങ്ങിയത്. ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന വിവിധ സാഹിത്യശാഖകളിലെ ഏതൊരു രചനയോടും ഒപ്പംനില്‍ക്കാവുന്നതോ അല്ലെങ്കില്‍ കിടപിടിക്കാവുന്നതോ ആണ് ബ്ലോഗിലെ രചനകള്‍ എന്നു നിസ്സംശയം പറയാം. ആ സ്ഥിതിക്ക് കൂടുതല്‍ വായനക്കാരിലേക്ക് തങ്ങളുടെ രചനകള്‍ എത്തിക്കാന്‍ വേണ്ടിയുള്ള ഈയൊരു ശ്രമം ബ്ലോഗിലെ എഴുത്തുകാരും വളരെ സന്തോഷത്തോടെ അംഗീകരിച്ചു. കൂടാതെ ബ്ലോഗിലെ അതിര്‍വരമ്പുകളില്ലാതെ നിര‍ന്തരമായ ആശയവിനിമയങ്ങളിലൂടെ വളര്‍ന്നുവന്ന സൌഹൃദങ്ങള്‍ ബ്ലോഗുമീറ്റുകളിലൂടെ പാരമ്യതയില്‍ എത്തുകയായിരുന്നു. ഈ കൂട്ടായ്മയെ വെറും സൌഹൃദസംഗമത്തിലൊതുക്കാതെ ബ്ലോഗിനെ ജനകീയമാക്കാന്‍ എന്തുചെയ്യണമെന്ന ചിന്ത ഉടലെടുത്തതോടെ ഒരു സൈബര്‍ സംഭവമെന്നൊക്കെ വിശേഷിപ്പിക്കാവുന്ന 'ഈയെഴുത്ത്' എന്ന ബ്ലോഗ് മാഗസിന്‍റെ സ്വപ്നസാക്ഷാത്കാരത്തിനുള്ള നടപടികളുടെ പ്രാരംഭമായി.

സൈബര്‍ സാദ്ധ്യതകള്‍ വാനോളം വളര്‍ന്ന ഇന്നത്തെ ലോകത്തില്‍ അതിനെ ദുരുപയോഗം ചെയ്യാതെ ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാം എന്നു തിരക്കിയെത്തുന്ന കൊച്ചുകുട്ടികളുടെ ‍കാലമാണിത്. സുഹൃത്തുക്കളുടെ ബ്ലോഗുകള്‍ വായിച്ച് തനിക്കും എന്തെങ്കിലുമൊക്കെ എഴുതാന്‍ കഴിയുമെന്നു തിരിച്ചറിഞ്ഞ് അതു തെളിയിച്ചവരും നിരവധിയുണ്ട്. കൂടാതെ മുന്‍പേ എഴുതിയിരുന്നെങ്കിലും ആനുകാലികങ്ങള്‍ അപ്രാപ്യമെന്ന തിരിച്ചറിവില്‍ ഒതുങ്ങിക്കൂടിയവര്‍, ഇവര്‍ക്കെല്ലാം പ്രചോദനമായി മലയാളത്തിലെ മുന്‍നിരയിലെ ചില എഴുത്തുകാര്‍ .ഇവരെല്ലാം ചേര്‍ന്ന ഒരു കൂട്ടായ്മയാണ് ബ്ലോഗെഴുത്തുകാരുടേത്.

എഴുത്തുകാരുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും പൊട്ടിമുളക്കുന്നതെന്തും ആവോളം സമയംകൊടുത്ത് ഭാവനയാകുന്ന വളവും ക്രിയാത്മകതയാകുന്ന വെള്ളവുമൊഴിച്ച് വളര്‍ത്തിവലുതാക്കി മൂര്‍ച്ചയുള്ള ഭാഷകൊണ്ട് വിളവെടുത്ത് ഇടനിലക്കാരില്ലാതെ അനുവാചകന്റെ മുന്നിലെത്തുന്നു ഇവിടെ. അവന്റെ സന്തോഷം അതിലെ പോരായ്മകളെപ്പറ്റിയുള്ള അവന്റെ തുറന്ന പ്രതികരണം ഇത്രയും കയ്യോടെ കിട്ടുമ്പോള്‍ അതിലും വലിയൊരു ചാരിതാര്‍ത്ഥ്യം സാധാരണക്കാരനായ ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വേറെ ലഭിക്കാനില്ല.

ഇത്തരം മനസ്സിന്റെ ഉള്ളറകളില്‍നിന്നും ഒഴുകിയെത്തിയ രണ്ടായിരത്തില്‍പരം രചനകളില്‍നിന്നും മികച്ച മുന്നൂറെണ്ണം തിരഞ്ഞെടുക്കുക, അവയുടെ എഡിറ്റിങ്ങ്, പേജുകളുടെ ലേയൌട്ട് മറ്റു സാങ്കേതികസഹായങ്ങള്‍ എന്നിവ തമ്മില്‍ കാണാതെ നടപ്പിലാക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അതിലും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് സാമ്പത്തികം. ചിലവിലേക്കുള്ള ഭീമമായ തുക പുസ്തകം ചിലവാകുമ്പോള്‍ തിരിച്ചെടുക്കാമെന്ന ഒരു ധൈര്യത്തില്‍മാത്രം സ്വന്തം കൈയ്യില്‍നിന്നും പതിനായിരവും ഇരുപതിനായിരവും വെച്ച് എടുത്തവരുടെ നല്ലമനസ്സ് പ്രശംസനീയമാണ്. അങ്ങിനെ ഇരുന്നൂറ്റന്‍പത് പേജുകളില്‍ ഒരു മാഗസിന്‍ ഒരുക്കാനുള്ള നൂറായിരം കടമ്പകള്‍ പലദൂരങ്ങളിലിരുന്ന് ഒരുസംഘം ബ്ലോഗര്‍മാര്‍ വളരെ ചുരുങ്ങിയ സമയത്തിന്നുള്ളില്‍ കൃതകൃത്യതയോടെ ചെയ്തുഎന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. എഡിറ്റോറിയല്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമായി ഗൂഗിളിന്റെ അത്യന്താധുനിക സംവിധാനങ്ങളായ സൌജന്യ ഗ്രൂപ്മെയില്‍ , ഗ്രൂപ്പ് ബ്ലോഗിങ് തുടങ്ങിസൌകര്യങ്ങള്‍ ഈയൊരാവശ്യത്തിനായി ഏര്‍പ്പെടുത്തിയിരുന്നു. എല്ലാവര്‍ക്കും അവരുടേതായ ജോലിത്തിരക്കുകള്‍ ഉണ്ടായിട്ടും അതൊന്നും ഈയൊരു സംരംഭത്തിന് തടസ്സമാവാന്‍ സമ്മതിക്കാതെ ആത്മാര്‍ത്ഥതയോടെ ഇതിന്നുവേണ്ടി പ്രവര്‍ത്തിച്ചത് മാഗസിന്റെ വിജയം ഒന്നുമാത്രം മുന്നില്‍കണ്ടുകൊണ്ടാണ്.

"ഈയെഴുത്ത് 2011" എന്ന് പേരിൽ പുറത്തിറങ്ങിയ 'ബ്ളോഗ് സ്മരണിക' തുഞ്ചൻ പറമ്പിൽ വെച്ചു നടന്ന ബ്ളോഗ് മീറ്റിന്റെ ഒരു ചരിത്രസ്മരണികയായാണ്‌ അച്ചടിയിലൂടെ പുറത്തിറങ്ങിയത്...തിരൂർ തുഞ്ചൻപറമ്പിൽ വെച്ചു നടന്ന ബ്ളോഗർമാരുടെ വിപുലമായ കൂട്ടായ്മയിൽ വെച്ച്, പ്രശസ്ത സാഹിത്യകാരൻ ശ്രീ കെ.പി. രാമനുണ്ണി, ബ്ലോഗിലെ ഇച്ഛാശക്തിയുടെ പ്രതീകമായ എസ്.എം. സാദ്ദിഖ് കായംകുളത്തിന് കൈമാറിക്കൊണ്ട് ഇത് അക്ഷരകേരളത്തിന്‌ സമ്മാനിച്ചു.

കോളെജ് മാഗസിനുകളിലെ പ്രായോഗികപരിചയം വെച്ചായിരുന്നു പലരും ധൈര്യം സംഭരിച്ച് ഈയൊരു സംരംഭത്തിന് അണിയറയൊരുക്കിയത്. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് അകലങ്ങളിലിരുന്ന് ഒട്ടും കാണാതെ ഇത്തരമൊരു മഹാസംഭവമൊരുക്കുന്നത് മലയാളത്തിന്റെയല്ല ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായായിരിക്കും.

പുനലൂർ സ്വദേശിയും അദ്ധ്യാപകനുമായ എൻ.ബി, സുരേഷ് കുമാർ എന്ന ബ്ളോഗറാണ്‌ ഈ സംരംഭത്തിന്റെ മുഖ്യപത്രാധിപർ.എഡിറ്റിങ്ങിലുള്ള അദ്ദേഹത്തിന്റെ പ്രായോഗികപരിചയം ഈ മാഗസിന്റെ അണിയറയില്‍ വളരെ ഗുണം ചെയ്തിട്ടുണ്ട്. കൂടാതെ മാതൃഭൂമിയുടെ പീരിയോഡിക്കല്‍സിലും പിന്നെ സ്വന്തം നിലയിലും മാഗസിൻ പ്രവർത്തനം നടത്തിയതിന്റെ അനുഭവസമ്പത്ത് ഒരു എഡിറ്റോറിയല്‍ നയിക്കാന്‍ അദ്ദേഹത്തിനു കൂട്ടായി ഉണ്ടായിരുന്നു.
കൂടാതെ വിവിധരാജ്യങ്ങളിൽ ജോലിചെയ്യുന്ന, ബ്ളോഗെഴുത്തിലൂടെ മാത്രം പരിചിതരായ, പരസ്പരം കണ്ടിട്ടില്ലാത്ത ഇരുപത്തഞ്ചോളം വരുന്ന ഒരു എഡിറ്റോറിയൽ ഗ്രൂപ്പും ഇയൊരു സംരംഭത്തിന്റെ ആദ്യംതൊട്ടവസാനം വരെ കൂടെയുണ്ട്. അമേരിക്കയിൽ ടീച്ചറായി ജോലി ചെയ്യുന്ന ഗീതാരാജൻ, ദുബായിൽ കുടുംബത്തൊടൊപ്പം താമസിക്കുന്ന സിവിൽ എഞ്ചിനീയറായ കവിയിത്രി ചാന്ദ്നി ഗാനൻ, കേരളത്തിലെ സ്കൂൾ അദ്ധ്യാപികയായ നീന ശബരീഷ്, ഹരിയാനയിൽ താമസിക്കുന്ന കവിയിത്രി പ്രസന്ന ആര്യൻ, അബുദാബിയിലും കേരളത്തിലുമായി കഴിയുന്ന എഴുത്തുകാരി ആഗ്നേയ ഫെമിന, ദുബായിൽ താമസിക്കുന്ന എഴുത്തുകാരി ലിഡിയ രാകേഷ് , പാലക്കാട് സ്വദേശിയും കവിയിത്രിയുമായ പ്രിയദർശിനി തുടങ്ങിയവരുടെ കൂട്ടായ സഹകരണവും മറ്റ് ബ്ളോഗർമാരായ കുഴൂർ വിൽസൺ, അപ്പു ആദ്യാക്ഷരി, നിരക്ഷരൻ, വിശാലമനസ്കൻ, ഡോ. ജയൻ ഏവൂർ, കെ.ജി. സൂരജ്, അജിത് നീർവിളാകൻ, റാംജി പട്ടേപ്പാടം, ജി.മനു, നന്ദകുമാർ, ആന്റണി ബോബൻ, ബിജുകുമാർ, ഷാജി മുള്ളൂർക്കാരൻ, ശിവപ്രസാദ്, രാജു ഇരിങ്ങൽ, വിശ്വപ്രഭ തുടങ്ങിയ വിവിധ മേഘലകളിലെ വിദഗ്ധരായ ബ്ളോഗർമാരും കൂടി സമന്വയിപ്പിച്ച കൂട്ടായ ഒരു പ്രവർത്തനത്തിന്റെ വിജയമാണ്‌ ഇതെന്ന് പറയാതെ വയ്യ.മുരളീകൃഷ്ണ, മനോരാജ്, ജിക്കു വർഗ്ഗീസ്, രൺജിത് ചെമ്മാട്, ബിജു കൊട്ടില എന്നിവരാണ്‌ ഇത്തരം പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.ഇവരുടെ സാങ്കേതികമികവ് ഈ മാഗസിനില്‍ ആദ്യാവസാനം അനുഭവപ്പെടും.

പ്രൊഫഷണല്‍ സാഹിത്യത്തിന്റെ വെച്ചുകെട്ടുകളില്ലാതെ നിഷ്ക്കളങ്കമായ മനസ്സുകളില്‍ നിന്നും ഒഴുകിനിറഞ്ഞ നൂറില്പരം കവിതകളും അന്‍പതിനടുത്ത് കഥകളും യാത്രാവിവരണങ്ങളും വരകളും കാര്‍ട്ടൂണൂകളും ഫോട്ടോബ്ലോഗുകളും കല, സാഹിത്യം, ശാസ്ത്രം, സാങ്കേതികം തുടങ്ങി വളരെ വ്യത്യസ്തങ്ങളായ വിഷയങ്ങളുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ലേഖനങ്ങളും ഈ മാഗസിനെ സമ്പുഷ്ടമാക്കുന്നു.

എന്തു കാര്യവും ആദ്യമായേറ്റെടുത്ത് ചെയ്യുമ്പോള്‍ ഉണ്ടായേക്കാവുന്ന പോരായ്മകള്‍ കഴിവതും കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട് എന്നു അഭിമാനപൂര്‍വ്വം പറയാം. പിന്നെ ബ്ലോഗിലെ രചനകള്‍ എന്നു പറയുമ്പോള്‍ ബ്ലോഗര്‍മാരില്‍ പലരും പലതും വായിച്ചിരിക്കാമെങ്കിലും വായിക്കാത്ത ഒരു ഭൂരിഭാഗം പുറത്തുണ്ടെന്നത് നമ്മളോര്‍ക്കണം. ബ്ലോഗിലെ രചനകളെ അവരിലെത്തിക്കാനായാണ് നമ്മള്‍ കഷ്ടപ്പെടുന്നത്. തിരഞ്ഞെടുത്ത മുന്നൂറില്പരം കൃതികള്‍ എന്നുവരുമ്പോള്‍ പലരുടേയും രചനകള്‍ ഉള്‍പ്പെടുത്താന്‍ പറ്റിയെന്നു വരില്ല. ഈയൊരു സംരംഭം ഇവിടെ നിര്‍ത്താന്‍ ഉദ്ദേശമില്ലാത്തസ്ഥിതിക്ക് അടുത്ത മാഗസിനില്‍ നിങ്ങളുടെ നല്ല രചനകളും ഉള്‍പ്പെടുമെന്ന് ആശിക്കാം. ഈയെഴുത്തിന്റെ പ്രിയപ്പെട്ട വായനക്കാര്‍ അതു മനസ്സിലാക്കി ഈ മാഗസിന്‍ സ്നേഹപൂര്‍വ്വം നെഞ്ചോടു ചേര്‍ക്കുമെന്നുതന്നെയാണ് ഞങ്ങളുടെ മനസ്സു പറയുന്നത്.

ബുധനാഴ്‌ച, ജൂൺ 22, 2011

അങ്ങിനെയിരിക്കുമ്പോള്‍ ചിലനേരങ്ങളില്‍ ചിലത്.........


ഭാരമില്ലാതെ ഒഴുകിനടക്കാനും
പ്രതിബന്ധങ്ങളില്ലാതെ
ആഴങ്ങള്‍ തേടിപ്പോകാനുമുള്ള
മോഹം കൊണ്ട് മാത്രമാണ്
ഒരു മീനിന്റെ ജന്മം കൊതിച്ചത്.
ഇപ്പോള്‍ ചൂണ്ടകളുടെ
പ്രലോഭനങ്ങളില്‍ നിന്നും
വഴുതിമാറാന്‍ ഒരിക്കലുപേക്ഷിച്ച
ചിപ്പിതിരഞ്ഞു നടക്കുകയാണ് .......

കാറ്റിനൊപ്പം പറക്കുകയാണെന്ന്
പറഞ്ഞവരോട് ഞാനൊരു
അപ്പൂപ്പന്‍താടിയാണെന്നു
സമ്മതിച്ചതു നന്നായി.
ആകാശത്തുകൂടി പറന്നു
നടക്കുകയാണു ഞാനിപ്പോള്‍
ഭാരമെല്ലാം മറ്റുള്ളവരുടെ
ചുമലിലിറക്കിവെച്ച്........

വെള്ളം തിരിച്ചുവിടുന്ന ചാലുകളില്‍കൂടി
വെള്ളത്തിനു മുന്‍പേ പായുമ്പോള്‍
വിലങ്ങനെ വീണുകിടക്കുന്ന പട്ടകളില്‍
തട്ടിവീഴ്ത്തി ആകെ നനച്ച് വെള്ളം
ചിരിച്ചുകൊണ്ട് ദൂരേക്ക് പാഞ്ഞുപോകും.
നനവിനുപിന്നില്‍ കണ്ണീരൊളിപ്പിച്ച്
കൈവീശാന്‍ പഠിച്ചതപ്പോഴാണ്.
അതിനാലാവണം തിരിഞ്ഞുനോക്കാതെ
ഒഴുകിമറയുന്ന പുഴകളെനോക്കിയിപ്പോള്‍
നിസ്സംഗതയോടെ ചിരിക്കാന്‍ കഴിയുന്നത്.

ഋതുക്കള്‍ മാറേണ്ടവയെന്ന്
പറഞ്ഞു പഠിച്ചതുകൊണ്ടാവാം
നഷ്ടപ്പെട്ട വസന്തത്തെപ്പറ്റി
കൂടുതലോര്‍ക്കാന്‍ മടിക്കുന്നത്......
ക്രാന്തിമണ്ഡലം മാറാത്തിടത്തോളം
ദേശാടനപ്പക്ഷികളെപ്പോലെ
വേനലിനപ്പുറം വര്‍ഷം കഴിയുമ്പോള്‍
ശിശിരം വരാതിരിക്കില്ലെന്നും
വസന്തത്തിന്നു വഴിതെറ്റില്ലെന്നും
നമുക്കറിയുന്നതിനാലാവണം
മടുപ്പില്ലാത്തയീ കാത്തിരിപ്പ്...........

വെള്ളിയാഴ്‌ച, ജൂൺ 17, 2011

ഒരു പൊട്ട് ബാല്യം.........


ഞങ്ങളുടേതല്ലാത്ത

ഒരിക്കല്‍

ഞങ്ങളുടേതായിരുന്ന

വീട്ടിലൊരിക്കല്‍ പോണം.

ഉമ്മറത്തെത്തിയതും

ബാഗ് വലിച്ചെറിഞ്ഞ്

അമ്മതരുന്ന

ചായമോന്തിക്കുടിച്ച്

തൊടിയിലേക്കോടണം

ആളോളം വളര്‍ന്ന

പുല്ലിനിടയിലൂടെ

ആളില്ലേയെന്ന്

ഒളിച്ചുകളിക്കണം

കണ്ടേയെന്ന് തലനീട്ടിയ

മൂര്‍ഖമ്പാമ്പിനെക്കണ്ട്

പേടിച്ചോടണം

ഉടുപ്പില്‍പറ്റിപ്പിടിച്ച

എയ്യംമ്പുല്ലുതട്ടി

ചൊറിഞ്ഞുതിണര്‍ക്കണം

മരങ്ങളായമരങ്ങളുടെ

മോളിലെല്ലാം

വലിഞ്ഞുകയറി

ഒളോര്‍മാങ്ങനീരൂറ്റിക്കുടിച്ച്

തോലൂതിവീര്‍പ്പിച്ച്

ഇനിവരുന്നവര്‍ക്കായി

മാഞ്ചോട്ടിലിടണം

മേലേത്തൊടിയിലെ

പാറപ്പുറത്തിരുന്ന്

വെയിലുകായുന്ന

കുറുക്കന്മാരെ

പിന്നാലെയോടി

പേടിപ്പിക്കണം

കുറുക്കന്‍മ്പുല്ലു

പറിച്ചു തിരുമ്മി

കൂട്ടുകാരെ മണപ്പിക്കണം.

കൂരിപ്പഴംപൊളിച്ച്

നാവുകൊണ്ട് തൊട്ട്

പുളിയെന്നുതുപ്പണം

നീലകോശാമ്പൂവില്‍

കണ്ണനെത്തിരയണം

വല്ലോറ മലയില്‍നിന്നും

പാഞ്ഞു വരുന്ന

മഴത്തുള്ളികള്‍

മുറ്റത്തെ മഴവെള്ളത്തില്‍

വീണു കുമിളകളാകുന്നത്

പിന്നെ ഒഴുക്കിനൊപ്പം

യാത്ര തുടരുന്നത്

തുടരും മുന്‍പ്

തകര്‍ന്നടിയുന്നത് കണ്ട്

ഉമ്മറപ്പടിയില്‍

കമിഴ്ന്നുകിടന്നൊന്ന്

നെടുവീര്‍പ്പിടണം.

സന്ധ്യയുടെ നിശബ്ദതയിലേക്ക്

വൈലോപ്പിള്ളിയും ചങ്ങമ്പുഴയും

ഉറക്കെ നീട്ടിപ്പാടണം

ജനലരികില്‍വന്നുവിളിച്ച

മിന്നാമിന്നിയെ

നോക്കിയിരിക്കണം

ചൂളംവിളിച്ചുകൊണ്ട്

വീട്ടുകണക്ക് ചെയ്യണം

അസമയത്ത് ചൂളംവിളിച്ച

പാമ്പിന്റെ കഥ

പറഞ്ഞു വിയര്‍ക്കുന്ന

കുഞ്ഞീഷ്ണന്നായര് കാണാതെ

വായപൊത്തിച്ചിരിക്കണം

നിറഞ്ഞ ഇരുട്ടില്‍

കിണറ്റുവാതിലിലൂടേ

ദൂരെ തുരുത്തമലയില്‍

കത്തുന്ന തീകണ്ട് പേടിക്കണം

പിന്നെ വ്ടക്കേമുറീല്‍

അമ്മേടെമാറില്‍ മുഖംപൂഴ്ത്തിയൊന്നു

തളര്‍ന്നുറങ്ങണം.

ഇതിനെ നോസ്റ്റാള്‍ജിയ

എന്നിരട്ടപ്പേരിടരുത് കാരണം

ഇത് നിങ്ങള്‍ക്കു നുണയാനായി

ഞാന്‍ തരുന്ന എന്റെ പ്രിയപ്പെട്ട

ബാല്യത്തിന്‍റെ ഒരു പൊട്ടാണ്......

എന്റെകുട്ടികള്‍ക്ക് വേണ്ടി

കരുതിവെക്കാന്‍ കഴിയാതെ

പ്രവാസത്തില്‍ കൈവിട്ടുപോയ

എന്റെ പ്രിയപ്പെട്ടബാല്യം.

ഞായറാഴ്‌ച, ജൂൺ 05, 2011

അയനം.........




പകുതിമുക്കാല്‍ നടന്നതാമീവഴി

യരികില്‍നീയിന്നു പതറിനിന്നീടവേ

ഇനിനടക്കാനരുതെന്നു നിന്‍മനം

ഇരവുനീര്‍ത്തീട്ടുറങ്ങാനൊരുങ്ങവേ

ചിരപരിചിതര്‍ക്കിടയിലൂടിന്നു നീ

മുഖമറിയാതുഴന്നു നീങ്ങീടവേ

ഇനിമടക്കമെന്നോതി മറവിതന്‍

മടിയിലേക്കുവീണമരും മനസ്സിലേ-

യ്ക്കോര്‍മ്മകള്‍തന്‍ വിഴുപ്പഴിച്ചിട്ടിന്നു

തടയണകള്‍ ഞാന്‍ തീര്‍ത്തു തളരവേ

ഇങ്ങിനേ നീ മറക്കാനിതെന്തെന്ന്

ചെമ്പരുത്തിക്കമ്പൊടിച്ചു കണ്‍ ചോപ്പിച്ച്

ചൊല്ലുവാനെനിക്കാവില്ല നിന്‍മിഴി-

ത്തുമ്പിലേതോ മഴക്കോളിരമ്പവേ..........


ആര്‍ദ്രമൊരു ധനുമാസരാവിന്‍ കുളിര്‍

ആര്‍ത്തമാം നെഞ്ചിലിറ്റിച്ചൊരാതിര-

ക്കാറ്റില്‍ തിങ്കളൊത്താടിത്തുടിച്ചുനിന്‍

നിറുകയില്‍ ദശപുഷ്പമാല്യങ്ങള്‍തന്‍

തളിരില്‍ നിറമേറെ ചാലിച്ചുചാര്‍ത്തിയും

നിന്റെ നെഞ്ചറജാലകപ്പാളികള്‍

ചാരിയുള്‍വലിഞ്ഞെങ്ങോ മറഞ്ഞതാം

ഏതൊരുത്ക്കടബോധഭേദത്തിനാല്‍

പാളിനീക്കിയൊളിഞ്ഞൊന്നു നോക്കിടും

നിന്‍റെയോര്‍മ്മകള്‍ തന്‍ നിഴല്‍പ്പാടിതില്‍

തൂവെളിച്ചം നിറക്കാന്‍കൊതിയ്ക്കവേ

ഇന്നു നഞ്ഞുവീണൂഷരമൂര്‍വ്വിതന്‍

ഉള്ളുനൊന്തോരിടര്‍ച്ചയും തേങ്ങലും

ഒന്നുമില്ലാത്തിടംതേടി നിന്‍ഗതി

എന്തിനായ്ഞാന്‍ തടയേണമോര്‍ക്കുകില്‍..

ഉണ്ടൊരിക്കല്‍കൊതിച്ചിരുന്നെന്‍മനം

സന്ധ്യ ചോക്കുന്നതിന്‍മുന്‍പ് തിരിയെവ-

ന്നങ്ങു ചേക്കേറുമാക്കിളിക്കുഞ്ഞുപോല്‍

വിങ്ങിവെന്താലുമുള്ളിലെ കനിവിന്‍റെ

ഉറവവറ്റാത്തരിംമ്പുകള്‍ക്കിടയിലേ

ക്കൂര്‍ന്നിറങ്ങാന്‍ മറന്നൊന്നുറങ്ങുവാന്‍.......

വ്യാഴാഴ്‌ച, മാർച്ച് 31, 2011

നുരകള്‍ ......നുറുങ്ങുകള്‍ .....




നീ

മുറിയിൽ ഒരു മൂലയിലാണ്
ഞാനതുകൊളുത്തിവെച്ചത്
മുനിഞ്ഞു കത്തുമ്പോഴുമാ
വെളിച്ചമൊരുധൈര്യമായിരുന്നു.
കെടാതിരിക്കാൻ എണ്ണയൊഴിച്ചതും
അതുകൊണ്ടുതന്നെ...........
ആളിക്കത്താതിരിക്കാനാണ്
തിരിനീട്ടാതിരുന്നത്
എന്നിട്ടും
ആകെ പൊള്ളിയതെങ്ങിനെ..........!

നമ്മില്‍

ഞാനും നീയും അടുത്തടുത്തിരിക്കുമ്പോൾ
ഒരുതരി നീയും ഇരുതരിഞാനുമിട്ട്
വാക്കുകൾ കുന്നാകുമ്പോള്‍
നമുക്കിടയിൽ മതിലുകളുയരുമ്പോൾ
മൗനത്തിന്റെ പ്രളയവർദ്ധിയിൽ
നാമിരുവരും ഓരോ ദ്വീപില്‍
മടുപ്പിന്‍റെ മഞ്ഞുപെയ്ത്തിൽ
ഞാൻ നിന്നിലും നീയെന്നിലും
പെയ്തുനിറയുമ്പോള്‍ നമ്മള്‍
നമ്മിലേക്കൊഴുകിത്തുടങ്ങുമ്പോള്‍
നമുക്ക് കൂട്ടിനെത്തിയ വാക്കുകൾക്ക്
മൗനത്തിനോട് പ്രണയം.
നമ്മള്‍

മെഴുതിരി പോലെ
എരിഞ്ഞു തീരുമെന്ന
ഭയമെല്ലെ കൊടുംതീയെന്ന
നിന്‍റെയീ നാട്യം .....
ഒരു കൈക്കുടന്നയുടെ
സാന്ത്വനം കൊതിക്കുമ്പോഴും
നീയെരിച്ച കാടിനെപ്പറ്റിയെ
നിനക്കു പറയാനുള്ളു!
ഉലയായി തീയാളിക്കാന്‍
നീ കൊതിക്കുമ്പോള്‍
മഴയായ് പെയ്തതു
കെടുത്തുവാനാണെനിക്കിഷ്ടം.
ആളിക്കത്തുന്ന നിന്നെക്കാള്‍
ഇരുളിൽ വഴികാട്ടുന്ന
നിന്നിലെ മിന്നാമിനുങ്ങ്
ഞാനേറെ ഇഷ്ടപ്പെടുന്നു.

ഞാൻ

നിറക്കടയിലാണു ഞാൻ
ഇലകൾ തളിര്‍ക്കാന്‍ മടിക്കുന്ന
പൂക്കൾ നിറം ചുരത്താത്ത
ആകാശം ചുരുൾ നിവർത്താത്ത
ക്യാൻവാസിനെ ഉണർത്താൻ
ഏതുനിറംവേണെമന്നറിയാതെ
പഴയ നിറങ്ങളോരോന്നും
ഒഴുകിമറയുന്നതും നോക്കി.

ചൊവ്വാഴ്ച, മാർച്ച് 29, 2011

ഒരു പെണ്ണെഴുത്ത്........?



"ഈ പെണ്ണിനെന്തിന്റെ സൂക്കേടാണപ്പാ...... "

തലയില്‍ കൈവെച്ച് മാത്വേടത്തി കലമ്പി. കുറച്ചു ദെവസായി അവര്‍ക്ക് സീതൂട്ടീടെ ചില കളികള് പിടിക്കാണ്ടായിട്ട്. കളീം ചിരീം മറന്ന് രാവിലെത്തൊട്ടുള്ള അവളുടെയീ കുത്തിരിപ്പ് കാണുമ്പോ മാത്വേടത്തിക്ക് കലികയറും.

"ങ്ങളൊന്നു കൂട്ടംകൂടാണ്ടിരിക്ക്യോ..?"

സീതൂട്ടിക്ക് ദ്വേഷ്യം വരുന്നുണ്ടായിരുന്നു. രാവിലെത്തൊട്ടിരിക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച്ചയായി എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ ദെവസവും ചോരവാരുന്ന ഒരു കഷ്ണം ഇറച്ചി ഹംസക്കാനെ സോപ്പിട്ട് സംഘടിപ്പിക്കുന്നത്. അവനെ എങ്ങിനെങ്കിലുമൊന്ന് മെരുക്കിക്കോണ്ടുവരുമ്പോഴാണ് അമ്മേന്റൊരു പായ്യാരം.

"നെന്റെ കോഴിക്കുട്ട്യോളെ റാഞ്ചിക്കൊണ്ട്വോയ്യോനല്ലെ അത്....? അയിനാ നിയ്യ് തീറ്റേം ഒരുക്കി കാത്തിരിക്ക്ന്നേ.....!നെനക്ക് വട്ടന്ന്യാ ."

" ങ്ങളോടൊന്ന് മുണ്ടാണ്ടിരിക്കാന്‍ പറഞ്ഞില്ല്യേന്ന്......" സീതൂട്ടി ചീറ്റി.

മാവിന്‍കൊമ്പിലിരുന്ന് പരിസരം ശ്രദ്ധിക്കുന്ന പ്രാപ്പിടിയന്‍ അമ്മയുടെ ശബ്ദംകേട്ട് പറന്നുപോയാലോന്നായിരുന്നു അവള്‍ടെ പേടി. ഊര്‍ന്നിറങ്ങി കൊള്ളിന്മേലിരുന്ന പ്രാപ്പിടിയനെക്കണ്ട് ടൈഗര്‍ ഒന്നിളകി. പിന്നെ ഞാനൊന്നും അറിഞ്ഞില്ലെന്നപോലെ മുഖം കാലിന്നിടയില്‍ പൂഴ്ത്തി ഉറക്കംനടിച്ചു. അവന്നും ഈ നാടകം ശീലമായിരിക്കുന്നു.

മുറ്റത്ത് ഇറച്ചിക്കഷ്ണം വെച്ച് സീതൂട്ടി അന്നും അവന്നുവേണ്ടി കാത്തിരുന്നു. അവന്‍ ചെരിഞ്ഞിറങ്ങുന്നത് അവള്‍ കൗതുകത്തോടെ നോക്കിയിരുന്നു.ഇറച്ചിക്കഷ്ണത്തില്‍ ഉടക്കിയ അവന്റെ കണ്ണുകള്‍ക്ക് എന്നും സ്കൂളില്‍ പോകുമ്പോള്‍ തെരുവോരത്ത് തുടയും ചൊറിഞ്ഞ് പല്ലിടയില്‍കുത്തി തുറിച്ചുനോക്കിനില്‍ക്കാറുള്ള തല്ലുവാസൂന്റെ കണ്ണുകളോട് നല്ല സാമ്യം തോന്നി അവള്‍ക്ക്.

ആശാരിച്ചെക്കനെക്കൊണ്ടുണ്ടാക്കിച്ച കെണിയുടെ തില്ലി ഇറച്ചികൊത്തുന്ന പ്രാപ്പിടിയന്റെ കഴുത്തില്‍ അമരുന്നത് നോക്കിയിരുന്നപ്പോള്‍ സീതൂട്ടിയില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. പതിയെ പാടവീഴും മുന്‍പ് അതിന്റെ കണ്ണുകള്‍ സീതൂട്ടീടെ മുഖത്തുതന്നെ തറഞ്ഞിരുന്നിരുന്നു.
എല്ലാം കഴിയാന്‍ കാത്തിരുന്നെന്നപോലെ ടൈഗര്‍ ഒരു തിരക്കുമില്ലാതെ കുടഞ്ഞെണീറ്റൊന്നു മൂരിനിവര്‍ന്നു. ഇതൊക്കെ കണ്ടുനിന്നിരുന്ന മാത്വേടത്തി മാത്രം മൂക്കത്ത് വിരല്‍ വെച്ചു......." ഇപ്പഴത്തെ പെങ്കുട്യോള്‍ടൊരു കാര്യം....!"

ചൊവ്വാഴ്ച, മാർച്ച് 22, 2011

ദില്ലി വീണ്ടും തുടുത്തിരിക്കുന്നു..............


വര്‍ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്‍
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വിഥികളുടെ ഓരോയിറമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.....
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അതു ചുട്ടുകരിച്ച
കനല്‍ പോലെ
പലാശപ്പൂക്കള്‍
വഴിയോരങ്ങളിലും
ആകാശക്കാഴ്ചകളിലും.
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങിനെ ചുകപ്പണിഞ്ഞ്
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവു പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍.

ഞായറാഴ്‌ച, മാർച്ച് 20, 2011

ഹോളി ആശംസകള്‍ ...........



നിറങ്ങളുടെ ഉത്സവമായ ഹോളിയെപ്പറ്റിയുള്ള കഥകള്‍ പണ്ടുതൊട്ടേ കേള്‍ക്കുമ്പോള്‍ വളരെരസകരമായി തോന്നിയിട്ടുണ്ട്. ഒരുപക്ഷേ രാധാകൃഷ്ണസങ്കല്‍പത്തിലെ തരളമനോഹരഭാവമാവാം, അല്ലെങ്കില്‍ കുട്ടിക്കാലം മുതലേയുള്ള
നിറങ്ങളോടുള്ള പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാവാം അതിന്നു കാരണം. നമുക്കായി സമൂഹം എന്നു നമ്മള്‍ വിളിക്കുന്നനമ്മള്‍ തന്നെ കല്‍പ്പിച്ചുവെച്ചിരിക്കുന്ന അതിരുകളെ ലംഘിക്കാന്‍ സമൂഹം തന്നെ നമുക്ക് തന്നിരിക്കുന്ന ഒരു ദിവസം. അത് സഭ്യമായി മനസ്സിന്റെ നന്‍മയോടെ ആഘോഷിക്കുമ്പോള്‍ വ്യത്യസ്തതാല്പര്യങ്ങളുമായി ഓരോദ്വീപില്‍ ഒതുങ്ങുന്നവരെ ഒന്നിച്ചുകൊണ്ടുവന്ന് ഒരേ മാനസികാവസ്ഥയിലെത്തിച്ച് ഒന്നാക്കിത്തീര്‍ക്കാനുള്ള കഴിവ് ആഘോഷ
ത്തിനുണ്ട്.

ഹോളിയുടെ ഐതീഹ്യങ്ങളെ പറ്റി മറ്റൊരു പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇത്തവണ ചിലയിടങ്ങളിലെ രസകരമായ ചില ആചാരങ്ങളെ പറ്റി പറയാം. പൊതുവേ കൃഷ്ണപൂജയോടെ തുടങ്ങി അയല്‍ക്കാരേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും ആശംസിക്കാനായി വീടിന് പുറത്തിറങ്ങുന്നതോടെ നിറം നമ്മിലേക്ക് തടയാനാവത്താവിധം ഒഴുകിത്തുടങ്ങും. വീട്ടില്‍ അടച്ചിരിക്കാമെന്നു കരുതിയാല്‍ ചിലപ്പോള്‍ വീട്ടിലും ഒഴുകിയെത്തിയെന്നുവരും . അതുഭയന്ന് എല്ലാവരും സ്വയമിറങ്ങിച്ചെല്ലാറാണ് പതിവ് . ഹിന്ദു കലണ്ടറിലെ അവസാന മാസമായ ഫാല്‍ഗുണത്തിലെ അവസാന ദിവസമാണ് ഹോളി ആഘോഷിക്കുന്നത്. പഴയ വര്‍ഷത്തെ യാത്രയയച്ച് പുതുവര്‍ഷത്തെ എല്ലാ നിറസമൃദ്ധിയോടെയും വരവേല്‍ക്കുകയെന്നതാണ് അല്ലങ്കില്‍ പുതുവര്‍ഷത്തില്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണശബളമാവട്ടേയെന്ന് ആശംസിക്കയാണ് നിറപ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

ഉത്തര്‍പ്രദേശിനെ ചുറ്റിപ്പറ്റിയാണല്ലോ രാധാകൃഷ്ണകഥകള്‍ . യൂപിയിലെ മധുരയിലും വൃന്ദാവനിലുമൊക്കെ ഹോളി എല്ലാ ഭാവങ്ങളോടെയും നിറഞ്ഞു നില്‍ക്കുന്നെങ്കിലും ബര്‍സാനാജില്ലയിലെ ഹോളി ആഘോഷം വളരെ പേരുകേട്ടതാണ്‍. വിദേശത്തുനിന്നുപോലും ആളുകള്‍ ഇതില്‍ പങ്കെടുക്കാനായി എത്താറുണ്ട്. പുരുഷന്മാര്‍ സ്ത്രീകളെ പാട്ടുകള്‍ പാടി പ്രകോപിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ മുട്ടന്‍വടികളുമായി അവരുടെ പിന്നാലേ ചെന്നു തല്ലും. ലാഠ് മാരി ഹോളിയെന്നാണ് ഇതിന്നെ വിളിക്കുന്നത്. ബര്‍സാനയിലെ രാധാകൃഷ്ണമന്ദിറിന്‍റെ പരന്നുകിടക്കുന്ന അമ്പലപ്പറമ്പില്‍ ആയിരക്കണക്കിനാളുകള്‍ ഹോളിയുടെയന്നു തടിച്ചുകൂടുന്നു. സ്ത്രീകള്‍ പുരുഷന്മാരെ തല്ലാന്‍ തുടങ്ങുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ രാധേരാധേയെന്നു ഭ്രാന്തമായി ഉറക്കെ പാടികൊണ്ടേയിരിക്കും.തങ്ങളുടെ മുന്നില്‍ നടക്കുന്നത് രാധാകൃഷ്ണലീലകളാണെന്ന വിശ്വാസമാണ് ഇതിന്നു പിന്നില്‍. ബര്‍സാനയില്‍ മാത്രമായൊതുങ്ങാതെ ടീസ് ചെയ്യുന്നവരെ തല്ലാനുള്ള അധികാരം എല്ലായിടത്തും വ്യാപകമാക്കണമെന്നാണ് എന്റെ അഭിപ്രായം.

ഇവിടങ്ങളിലെ ഹോളിയോടനുബന്ധിച്ചുള്ള മയൂര നൃത്തവും വളരെ മനോഹരമാണ്.അതുമായി ബന്ധപ്പെട്ട് ഒരു കഥയുമുണ്ട്.ഒരു ഹോളിദിവസം മയിലുകള്‍ നിറഞ്ഞ മോര്‍കുടിയെന്ന ഗ്രാമത്തില്‍ രാധ കൃഷ്ണനെ തിരഞ്ഞെത്തുന്നു. ഒളിച്ചിരിക്കുന്ന കൃഷ്ണനെ കാണാഞ്ഞപ്പോള്‍ മയിലുകളുടെകൂടെ നൃത്തം വെക്കാനായി മയിലുകളെ തിരയുന്നു. അവയെയും കൃഷ്ണന്‍ ഒളിപ്പിക്കുന്നു. പിന്നീട് കോപിഷ്ടയായ രാധയുടെ മുന്നില്‍ കൃഷ്ണന്‍ മയിലായി എത്തുകയും രണ്ടുപേരും കൂടി നൃത്തം വെക്കുകയും ചെയ്യുന്നു. അതിന്റെ ഓര്‍മ്മയിലാണത്രെ നൃത്തം.

ഉത്തരഘണ്ഡിലെ കുമാവൂണില്‍ ആഘോഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് സംഗീതമാണ് . ബൈഥ്കി, ഖഡി,മഹിളാ തുടങ്ങി ഏതുതരം ആഘോഷമായാലും രസഭരിയും ഭക്തിസാന്ദ്രവുമായ ശുദ്ധസംഗീതത്തിനാണ് പ്രാധാന്യം. അതിന്നാല്‍ ഇതിന്നെ നിര്‍വ്വാണഹോളിയെന്നും പറയുന്നു.

ഖടി
ഹോളിയുടെ വിശേഷം ഹോളികയുമായി ബന്ധപ്പെട്ടതാണ്. ഹോളിയുടെ പതിനഞ്ചു ദിവസം മുന്പ് ഹോളികയെ ഉണ്ടാക്കുന്നു. ഇതിന്നു ചീര്‍ (ഹോളിക) ബന്ധന്‍ എന്നാണ് പറയുക. ചീര്‍ എന്നു പറഞ്ഞാല്‍ വലിയ വിറകുകമ്പുകള്‍ കുത്തനെ കോണ്‍ആകൃതിയില്‍ ചേര്‍ത്തുനിര്‍ത്തി നടുവില്‍ പൈയ്യാവൃക്ഷത്തിന്റെ പച്ചക്കൊമ്പ് തിരുകി വെക്കുന്നതാണ്. പച്ചക്കൊമ്പ് അടുത്ത ഗ്രാമക്കാര്‍ കട്ടുകൊണ്ടുപോകാതെ നോക്കണം . അതിന്നു ഹോളികാദഹനം വരെ ഗംഭീര കാവലുകള്‍ ഉണ്ടായിരിക്കും.

ഫൂല്‍വാരി ഹോളിയിലൂടെ പണ്ടുമുതലേയുള്ള ഗോ ഗ്രീന്‍ ആറ്റിറ്റ്യൂഡ് ആണ് പ്രതിഫലിപ്പിക്കുന്നത്. കെമിക്കലുകളുടെ ഉപദ്രവം തുടങ്ങാത്തകാലത്ത് പ്രകൃതിദത്തമായ നിറങ്ങള്‍ മാത്രമാണല്ലൊ ഉപയോഗിച്ചിരുന്നത്. ഫൂല്‍വാരി ഹോളിക്ക് പൂക്കളുടെ ഇതളുകളാണ് നിറത്തിനുപകരം ഉപയോഗിക്കുന്നത്. കളിയുടെ അവസാനം രാധാകൃഷ്ണന്‍മാരേ പൂകൊണ്ട് മൂടുന്നു.



ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയവിടങ്ങളിലെ ഹോളി ആഘോഷങ്ങളില്‍ വെണ്ണക്കള്ളനായ കണ്ണനോടുള്ള സ്നേഹവും ഗൃഹാതുരതയുമാണ് നിറഞ്ഞുനില്‍ക്കുന്നത്.തൈര്‍ക്കുടം ഉയരങ്ങളില്‍ കെട്ടിവെച്ച് മനുഷ്യഗോപുരം തീര്‍ത്ത് അതിന്നുമുകളില്‍ കയറി തൈര്‍ക്കുടം എത്തിപ്പിടിക്കുകയാണ് ഹോളിദിനത്തിലെ പ്രധാന ആഘോഷം.

ബംഗാളിലും രാധാകൃഷ്ണന്‍മാരോടുള്ള ആരാധനതന്നെയാണ് മുന്നിട്ടുനില്‍ക്കുന്നത് . രാധാകൃഷ്ണന്മാരെ ഊഞ്ഞാലിലിരുത്തി അത് മെല്ലെ ആട്ടിക്കൊടുത്തുകൊണ്ടാണ് അവര്‍ തങ്ങളുടെ ഭക്തി പ്രകടിപ്പിക്കുന്നത്. തെരുവുകളില്‍ കൂടി രാധാകൃഷ്ണന്‍മാരെ ഊഞ്ഞാലിലിരുത്തി എഴുന്നള്ളിക്കുന്ന പതിവുമുണ്ടത്രേ.
എന്തൊക്കെ ആചാരങ്ങളായാലും നിറംപൂശല്‍ ഹോളി ആഘോഷങ്ങളില്‍ എവിടെചെന്നാലും ഒഴിവാക്കാന്‍ പാറ്റാത്തൊരു സംഭവമാണ്.
ഒരു ഭാവനതന്നെയാണ് ആഘോഷത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.


ഇത്രയും ഇന്നലെ എഴുതിവെച്ച് ഫോട്ടോകള്‍ക്കെവിടെപ്പോകുമെന്നു കരുതിയിരിക്കുമ്പോഴാണ് ഇന്നു രാവിലെ ഒരു ഫ്രെന്റ് വിളിച്ചത് വൈകുന്നേരം ഇന്ത്യ ഹാബിറ്റാറ്റ് സെന്റെറില്‍ ഹോളി ആഘോഷം കാണാന്‍ പോകാമെന്നു പറഞ്ഞ്. ശുഭാമുഡുഗലിന്റെ ഹോളിഗാനങ്ങളായിരുന്നു നോട്ടം. അവിടെച്ചെന്നപ്പോള്‍ അതുമാത്രമല്ല ബര്‍സാനയിലെ ഹോളി മൊത്തം മുന്നിലെടുത്തുവെച്ചുതന്നു. ലാഠ്മാരിയും ,ഫൂല്‍വാരിയും , ഹോളീസ്പെഷ്യല്‍ ഭക്ഷ്ണസാധനങ്ങളും ഒക്കെകൂടെ ഒരു നല്ല ആഘോഷം. മുന്നില്‍ചെന്നിരുന്ന ആണുങ്ങള്‍ക്കൊക്കെ ഒരുവിധം നല്ല തല്ലുകൊണ്ടു.